അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമെ മാധ്യമങ്ങളെ വിലക്കാവൂ എന്ന് സുപ്രീംകോടതി
അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ എന്ന് രാജ്യത്തെ കോടതികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. സീ എന്റടെന്‍മെന്റ് എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഉള്‍പ്പെട്ട കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിനെതിരെ ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ സര്‍വീസസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. ആരോപണത്തിന്റെ മെറിറ്റ് വിശദമായി പരിശോധിക്കാതെ ഏകപക്ഷീയമായി വിലക്ക് ഏര്‍പ്പെടുത്തരുതെന്നും കോടതികളോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിശദമായ വാദംകേള്‍ക്കലിന് ശേഷമേ വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സ്ലാപ്പ് സ്യൂട്ടുകള്‍
മാധ്യമങ്ങളെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ വന്‍ സാമ്പത്തിക ശക്തികള്‍ ഫയല്‍ ചെയ്യുന്ന സ്ലാപ്പ് സ്യൂട്ടുകളെ സംബന്ധിച്ചും കോടതി പരാമര്‍ശിച്ചിട്ടുണ്ട്. പൊതുതാല്‍പര്യം ഉള്‍പ്പെടുന്ന വിഷയങ്ങള്‍ പൊതുസമൂഹം അറിയുന്നത് തടയാനായി സ്ലാപ്പ് സ്യൂട്ടുകള്‍ ഉപയോഗിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഉള്‍പ്പെട്ട കേസിലെ വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ബ്ലൂംബെര്‍ഗിനോട് വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി.